വമ്പൻ ഹിറ്റുകളായി വിജയത്തിലേക്ക് കുതിച്ച വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ഹൃദയം. പ്രണയവും സൗഹൃദവും കുടുംബജീവിതവും എല്ലാം വളരെ നല്ല രീതിയിൽ ആവിഷ്കരിച്ച ചിത്രംകൂടിയാണ് ഹൃദയം. പ്രണവ് മോഹൻലാലിന്റെ നല്ലൊരു അഭിനയം കാത്തിരുന്ന ആരാധകർക്ക് മുമ്പിൽ ഒട്ടും മുഷിപ്പിക്കാതെ ആണ് ചിത്രം എത്തിയത്. കല്യാണി പ്രിയദർശനും, ദർശന രാജേന്ദ്രനുമാണ് ചിത്രത്തിൽ പ്രണവിന്റെ നായികമാരായി എത്തിയത്. കല്യാണിയും പ്രണവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ആദ്യ സിനിമ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആയിരുന്നു.
കല്യാണിയും പ്രണവും മികച്ച താരജോഡികളാണ് എന്നാണ് ഹൃദയം കണ്ട് ഓരോരുത്തരും പറയുന്നത്. അതേസമയം തന്റെ അമ്മയോടൊപ്പമാണ് സിനിമ കണ്ടതെന്നും ഓരോ സീനിലും അമ്മയുടെ മുഖത്ത് ഉണ്ടായ സന്തോഷം ഞാൻ നേരിട്ട് കണ്ടു എന്നും കല്യാണി പറയുന്നു. പ്രണവിന്റെ അഭിനയത്തിലും അമ്മ വളരെയധികം സന്തുഷ്ടയാണ്. ഇതാദ്യമായി പ്രണവിനെ അവന്റെ സ്വന്തം ജീവിതം ജീവിക്കുന്നതുപോലെ അഭിനയിക്കുന്നത് കാണാൻ കഴിഞ്ഞു എന്നും ലിസി പ്രിയദർശൻ പറഞ്ഞതായി കല്യാണി പറയുന്നു. അതുപോലെതന്നെ അച്ഛനും നല്ല അഭിപ്രായമാണ് അഭിനയത്തെക്കുറിച്ച് പറഞ്ഞത്. അച്ഛൻ എല്ലാ കാര്യങ്ങളും വളരെയധികം ശ്രദ്ധിക്കുന്ന ആളാണ്. ചെറിയ റോൾ ആണെങ്കിലും അത് നിന്നാൽ കഴിയുന്നവിധം വളരെ ഭംഗിയാക്കി എന്നാണ് എന്നോട് പറഞ്ഞത് എന്നും കല്യാണി പറയുന്നു.