കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ

വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. സാധാരണക്കാരൻ തന്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളാണ്. നേന്ത്രപ്പഴം, ഞാലിപ്പൂവൻ, റോബസ്റ്റ, പാളയംകോടൻ ചെറുപഴം എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്.പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏത്തപ്പഴമാണ്. നേന്ത്രപ്പഴം മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് (ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാൽ തന്നെ ഉയർന്ന ഊർജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകർ പറയുന്നു. വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത്— സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്റ്റോസ് എന്നിവ.

 

 

ഉയർന്ന കാലറിയുള്ള ഒരു പഴം ആയതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്. സാധാരണ ആരോഗ്യസ്ഥിതിയിലുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം ഉപയോഗിക്കാവുന്നതാണ്.
ഉയർന്ന കാലറിയുള്ളതിനാൽത്തന്നെ കൊളസ്ട്രോൾ കൂട്ടുമോ എന്ന സംശയവും സ്വാഭാവികമായി ഉണ്ടാകാറുണ്ട്. ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടും തന്നെയില്ല. അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ, തീരെ വ്യായാമമില്ലാത്ത കൊളസ്ട്രോൾ രോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇതിൽ കൊളസ്ട്രോൾ ഇല്ലെങ്കിൽതന്നെയും ഇതിലെ അന്നജം ശരീരത്തിൽ കൊഴുപ്പായി മാറ്റപ്പെടാം. ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല.

Leave a Reply

Your email address will not be published.