ന്യൂമോണിയ ഉണ്ടോ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

വായു അറകളിൽ രോഗാണുക്കൾ പെരുകി ശ്വസനേന്ദ്രീയ മൃദൂതകത്തിൽ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണു ന്യുമോണിയ . ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന രോഗങ്ങളിൽ ഒന്നാംസ്ഥാനമാണു ന്യുമോണിയയ്ക്ക് . ബാക്റ്റീരിയ, വൈറസുകൾ, പൂപ്പലുകൾ എന്നിങ്ങനെ പലതരം അണുക്കളാണ് പ്രാഥമികമായും ന്യുമോണിയയുണ്ടാക്കുന്നതെങ്കിലും അണുബാധയിലേക്ക് നയിക്കുന്ന ദ്വിതീയഘടകങ്ങളെയും രോഗകാരണമായിത്തന്നെ കണക്കാക്കാറുണ്ട് . മഴക്കാലത്തും മഞ്ഞുകാലത്തുമാണ് ന്യൂമോണിയയുടെ ആക്രമണം കൂടുതലായി കാണപ്പെടുന്നത്. ജലദോഷം അഥവാ ഇന്‍ഫ്‌ളുവന്‍സയെ തുടര്‍ന്നും ന്യൂമോണിയ പിടിപെടാം. മറ്റേതെങ്കിലും രോഗചികിത്സയ്ക്കായി ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് അവിടെവെച്ച് ന്യൂമോണിയ ഉണ്ടാവാന്‍ സാധ്യതയുണ്ട്.

 

 

കടുത്തപനി, കുളിരും വിറയലും ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങള്‍. എന്നാല്‍, പ്രായമായവരില്‍ മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല.ഇക്കൂട്ടരില്‍ വെറും പനി, ക്ഷീണം, തളര്‍ച്ച, ചെറിയ ചുമ എന്നീ രോഗലക്ഷണങ്ങള്‍ മാത്രമായി പ്രകടമാവുന്നതിനാല്‍ ന്യൂമോണിയ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും മാരകമായിത്തീരുകയും ചെയ്യാറുണ്ട്. ശരിയായ ചികിത്സ ആരംഭത്തില്‍ത്തന്നെ ലഭിച്ചില്ലയെങ്കില്‍ ന്യൂമോണിയ മൂര്‍ഛിക്കുകയും ഹൃദയം, മസ്തിഷ്‌കം, വൃക്ക മുതലായ പ്രധാന അവയവങ്ങളെക്കൂടി ബാധിക്കുകയും ചെയ്യുന്നു. രോഗകാരികളായ അണുക്കളെ കൃത്യമായി കണ്ടെത്തി ഉചിതമായ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിച്ചാല്‍ ന്യൂമോണിയ പൂര്‍ണമായും ഭേദമാക്കാം. പൂര്‍ണ ആരോഗ്യമുള്ളവര്‍ക്ക് ന്യൂമോണിയ വന്നാല്‍ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കേണ്ടിവരാറില്ല. എന്നാല്‍, പ്രായാധിക്യമുള്ളവരെ നിര്‍ബന്ധമായും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *